Temples in Kerala - Famous Hindu Temples

Skanda Shashti (സ്കന്ദഷഷ്ഠി) – Temples in Kerala

Last Updated: October 24, 2025By

സ്കന്ദഷഷ്ഠി – 2025 ഒക്ടോബർ 27 (1201 തുലാം 10) തിങ്കളാഴ്ച

വ്രതാരംഭം – 2025 ഒക്ടോബർ 22 (1201 തുലാം 05) ബുധനാഴ്ച

സുബ്രഹ്മണ്യപ്രീതികരമായ ഈ വ്രതം അനുഷ്ഠിക്കുന്നവർ ധാരാളമുണ്ട്. ഷഷ്ഠിവ്രതത്തിനു പിന്നിലുള്ള കഥ ഇപ്രകാരമാണ്.

ഒരിക്കൽ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മിൽ ഘോരമായ ഒരു യുദ്ധമുണ്ടായി. മായാശക്തികൊണ്ട് അസുരൻ തന്നെയും സുബ്രഹ്മണ്യ സ്വാമിയെയും ദേവകൾക്കും മറ്റുളളവർക്കും അദൃശ്യനാക്കി. ഭഗവാനെ കാണാതെ വിഷമിച്ച ശ്രീപാർവ്വതിയും ദേവഗണങ്ങളും അന്നപാനാദികൾ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. തുലാംമാസത്തിലെ ഷഷ്ഠിനാളിൽ ഭഗവാൻ ശൂരപത്മാസുരനെ നിഗ്രഹിച്ചു. അതോടെ ഏവർക്കും സുബ്രഹ്മണ്യസ്വാമിയെ കാണാനായി. ശത്രു നശിച്ചതായി കണ്ട ഏവരും ഷഷ്ഠിനാളിൽ ഉച്ചക്ക് വ്രതമവസാനിപ്പിച്ച് മൃഷ്ടാന്നം ഭുജിച്ചു.

മറ്റൊരു കഥയും ഷഷ്ഠിവ്രതവു മായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. പ്രണവത്തിന്റെ അർത്ഥം പറഞ്ഞുതര ണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യൻ ഒരിക്കൽ ഹംസവാഹിയായ ബ്രഹ്മാവിനെ തടഞ്ഞുനിർത്തി. “ഞാൻ ബ്രഹ്മമാകുന്നു” എന്ന ബ്രഹ്മാവിന്റെ മറു പടിയിൽ തൃപ്തനാകാതെ കുമാരൻ കയറുകൊണ്ട് ബ്രഹ്മാവിനെ വരിഞ്ഞുകെട്ടി. ഒടുവിൽ ശ്രീപരമേശ്വരൻ തന്നെ കുമാരനെ ആശ്വസിപ്പിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തെറ്റു മനസ്സിലാക്കിയ സുബ്രഹ്മണ്യൻ പ്രായശ്ചിത്തമെന്നോണം ഒരു സർപ്പത്തിന്റെ വേഷം ധരിച്ചു.
പുത്രന്റെ വൈരൂപ്യം തീർക്കാൻ ശ്രീപാർവ്വതി, ശ്രീപരമേശ്വരന്റെ ഉപദേശ പ്രകാരം ഷഷ്ഠിവ്രതം അനുഷ്ഠിക്കുകയും ഫലപ്രാപ്തിയിലെത്തുകയും ചെയ്തു. ഒൻപതു വർഷങ്ങൾകൊണ്ട് ശ്രീപാർവ്വതി 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ചു എന്നാണു വിശ്വാസം.

സൂര്യോദയാൽപ്പരം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രതമനുഷ്ഠിക്കേണ്ടത്. വെളുത്തപക്ഷത്തിലെ പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യഭജനവുമായി കഴിയണം. ഷഷ്ഠിനാളിൽ പ്രാത സ്നാനാനന്തരം സുബ്രഹ്മണ്യ ക്ഷേത്രദർശനം, സുബ്രഹ്മണ്യപൂജ മുതലായവയ്ക്കുശേഷം ഉച്ചയ്ക്ക് പാരണകഴിയ്ക്കാം.

ഉദ്ദിഷ്ടകാര്യസിദ്ധിക്ക് വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം അതീവ ഫലപ്രദമാണെന്നാണ് അനുഭവം. സന്താനസൗഖ്യം, സർപ്പദോഷശാന്തി, ത്വക് – രോഗശാന്തി ആദിയായവയ്ക്കും ഈ വ്രതം അനുഷ്ഠിക്കാറുണ്ട്.


വ്രതക്രമം

ഷഷ്ഠിദിനത്തിനു 5 ദിവസം മുൻപേ വ്രതം ആരംഭിക്കാവുന്നതാണ്. തലേന്ന് അതായത് പഞ്ചമിനാളിൽ ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീ തീർഥം സേവിച്ച് പാരണ വിടാം .

വൃശ്ചികമാസത്തിൽ ആരംഭിച്ച് തുലാം മാസത്തിൽ അവസാനിക്കുന്ന വിധത്തിലും ഒൻപതു വർഷങ്ങൾകൊണ്ട് 108 ഷഷ്ഠി എന്നനിലയിലും വ്രതമനുഷ്ഠിക്കാറുണ്ട്.
ഒന്നാം സംവൽസരത്തിൽ പാൽപ്പായസവും രണ്ടാം സംവൽസരത്തിൽ ശർക്കര പായസവും മൂന്നാം സംവൽസരത്തിൽ വെള്ളനിവേദ്യവും നാലാം സംവ ത്സരത്തിൽ അപ്പവും അഞ്ചാം സംവത്സരത്തിൽ മോദകവും ആറാം സംവത്സരത്തിൽ പശുവിൻപാലും ഏഴാം സംവത്സരത്തിൽ ഇളനീരും എട്ടാം സംവത്സരത്തിൽ പാനകവും ഒൻപതാം സംവത്സരത്തിൽ ഏഴുമണി കുരുമുളകും എന്നിങ്ങനെയാണ് പ്രസ്തുത വ്രതവിധി. അമാവാസി മുതൽ ഷഷ്ഠിവരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി വ്രതമനുഷ്ഠിച്ച്, വിധിപ്രകാരമുള്ള പദാർത്ഥങ്ങൾ മാത്രം ഭക്ഷിച്ച് സുബ്രഹ്മണ്യക്ഷേത്രത്തിൽത്തന്നെ ആ ദിവസങ്ങളിൽ താമസിച്ച് അനുഷ്ഠിക്കുന്ന കഠിനഷഷ്ഠിയും ചില ഭക്തജനങ്ങൾ നോക്കാറുണ്ട്.

ജാതകത്തിൽ ചൊവ്വ ഓജരാശിയിൽ നിൽക്കുന്നവർ ആ ദശാകാലത്തും ചൊവ്വാദോഷശാന്തിക്കുമായി സുബ്രഹ്മണ്യഭജനമാണ് നടത്തേണ്ടത്. ഇങ്ങനെയുള്ളവർ ഷഷ്ഠിവ്രതമനുഷ്ഠിക്കുന്നത് അത്യധികം ഫലപ്രദമായിരിക്കും.

ഈവർഷത്തെ സ്കന്ദഷഷ്ഠി 2025 ഒക്ടോബർ 27 (1201 തുലാം 10) തിങ്കളാഴ്ച ആണ്, 2025 ഒക്ടോബർ 22 (1201 തുലാം 05) ബുധനാഴ്ച മുതൽ വ്രതാരംഭം.


ഷഷ്ഠി മന്ത്രങ്ങൾ…

സുബ്രഹ്മണ്യപ്രീതികരമായ മന്ത്രങ്ങൾ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. സുബ്രഹ്മണ്യ സ്വാമിയുടെ മൂലമന്ത്രമായ “ഓം വചദ്ഭുവേ നമ:” സുബ്രഹ്മണ്യമന്ത്രമായ “ഓം ശരവണ ഭവ:” എന്നിവ സ്കന്ദഷഷ്ഠി ദിനത്തിൽ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.

ഗണപതിയേയും പ്രത്യക്ഷദൈവമായ സൂര്യഭഗവാനെയും വന്ദിച്ചശേഷം സുബ്രഹ്മണ്യഗായത്രി ജപിക്കാവുന്നതാണ്. സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങുകയും സന്താനങ്ങൾക്കു ഉയർച്ചയും ഉണ്ടാവുമെന്നാണ് വിശ്വാസം.

സുബ്രഹ്മണ്യ ഗായത്രി

“സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്നോ സ്കന്ദ: പ്രചോദയാത്”

സ്കന്ദഷഷ്ഠി ദിനത്തിൽ ഭഗവാനെ മനസ്സിൽ വന്ദിച്ചുകൊണ്ടു ധ്യാനശ്ലോകം ജപിക്കുന്നത് ഉത്തമം. ശ്ലോകത്തിന്റെ അർഥം മനസ്സിലാക്കി ജപിക്കുമ്പോൾ ഭഗവൽ രൂപം മനസ്സിൽകണ്ടുകൊണ്ടുവേണം ധ്യാനശ്ലോകം ജപിക്കാൻ.

ധ്യാനശ്ലോകം

“സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-

സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം

ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം

ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം”

അർഥം:-

തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം എന്നിവയാൽ വിഭൂഷിതനും, ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയവനും ഇരുകൈകളിൽ വേലും വജ്രവും ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ ധ്യാനിക്കുന്നു.

കുടുംബ ഐക്യത്തിനും ഐശ്വര്യത്തിനുമായി ജപിക്കേണ്ട മുരുകമന്ത്രം

“ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം കുമര ഗുരുവരായ സ്വാഹാ”

രോഗദുരിതശാന്തിക്കായി ജപിക്കേണ്ട മുരുകമന്ത്രം

“ഓം അഗ്നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ
സുബ്രഹ്മണ്യായ നമ:”

സുബ്രമണ്യസ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രമണ്യ ദേവം ശരണം പ്രപദ്യേ

ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി

സ്കന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യയായ തേ നമ:

വേൽമുരുകാ ഹരോഹരാ